മുറിപ്പാടുകൾ – ഷാജി ഏബ്രഹാം എഴുതിയ ചെറുകഥ

Mail This Article
അമ്മേ, അച്ഛന്റെ കാലിലെ ഈ പാട് എന്താ? അച്ഛനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അമ്മയോട് തിരക്കി. അമ്മ മറുപടി പറയാൻ അൽപ്പം ബുദ്ധിമുട്ടി. പതുക്കെ കൈനീട്ടി ആ മുറിപ്പാടിൽ ഒന്ന് തൊട്ടു തലോടി, കരച്ചിലടക്കാൻ പാടുപെട്ടു..!! ഒരു ദിവസം രാത്രിയിൽ നീ വിശന്നു കരഞ്ഞു, അന്ന് നിന്റെ വിശപ്പടക്കുവാൻ വീട്ടിൽ ഒന്നുമില്ലായിരുന്നു. അവൻ കുറച്ചുനേരം കരഞ്ഞിട്ട് മിണ്ടാതിരിക്കുമെന്നു ഞാൻ പറഞ്ഞിട്ടും കേൾക്കാതെ നിനക്ക് ആഹാരം വാങ്ങാൻ ഒരു പെരും മഴയത്തു വെളിയിലേക്കു പോയതാ. നിയന്ത്രണം വിട്ട ഒരു കാർ വന്ന് അച്ഛനെ ഇടിച്ചു, കാൽ ഒരു വേലിക്കല്ലിൽ അടിച്ചു. ആഴത്തിൽ ഒരു മുറിവുണ്ടാക്കി. അന്ന് നിനക്ക് പത്തു വയസ്സേ ഉള്ളൂ. ആരോ എടുത്തു ആശുപത്രിയിൽ കൊണ്ടുപോയപ്പോഴും എന്റെ കുഞ്ഞു വിശന്നിരിക്കുന്നു എന്നുപറഞ്ഞാ നിന്റെ അച്ഛൻ കരഞ്ഞത്.
അവനും ആ മുറിവിന്റെ പിന്നിലെ കാരണം അന്നാ അറിയുന്നത്. അന്ന് അച്ഛന്റെ ദേഹത്തെ പല മുറിപ്പാടുകളുടെയും കാരണങ്ങൾ അമ്മ അവനോടോരോന്നായി പറഞ്ഞു കൊടുത്തു. അതിനൊക്കെ അവന്റെ ജീവിതവുമായി കെട്ടുപിണഞ്ഞ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഓരോ മുറിപ്പാടും അവന്റെ ആഗ്രഹങ്ങൾക്ക് വേണ്ടിയായിരുന്നു എന്ന് അന്നാണവന് മനസിലായത്. അവസാനം ആ നെഞ്ചിലേക്ക് അൽപ്പം വെള്ളമൊഴിച്ചു അവസാനമായി കഴുകി തുടയ്ക്കാനൊരുങ്ങിയപ്പോൾ പതുക്കെ അവന്റെ കരമൊന്നു വിറച്ചു, കാരണം അവൻ അച്ഛന് കൊടുത്ത കരിയാത്ത മുറിവുകൾ ആ മനസിനുള്ളിൽ ഉണ്ടായിരുന്നുവെന്നു അവനറിയാമായിരുന്നു.
കുളിപ്പിച്ച് കഴിഞ്ഞില്ലേ? ഇനി പെട്ടി വാങ്ങാൻ പോകണം.. കുഴികുത്താൻ ആളെ തരപ്പെടുത്തണം.. പെട്ടെന്നെഴുന്നേറ്റു വാ എന്ന് പറഞ്ഞു ചിലർ അവന്റെ അടുക്കലേക്കു വന്നു. താൻ കൊടുത്ത മുറിപ്പാടിൽ നിന്നും കൈകൾ പതുക്കെ ഉയർത്തി ആ പാദത്തിൽ തൊട്ടു മാപ്പുചോദിച്ചവൻ എഴുന്നേറ്റു അച്ഛന്റെ മൃത ശരീരത്തിന്റെ അടുക്കൽ നിന്നും...!!
Content Summary: Malayalam Short Story ' Murippadukal ' written by Shaji Abraham