ADVERTISEMENT

ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഐഎംവി 0 (IMV 0) കണ്‍സെപ്റ്റ് അവതരിപ്പിച്ച് ടൊയോട്ട. ലാഡര്‍ ഫ്രെയിം ഷാസിയിൽ ഒരുങ്ങുന്ന ഈ പിക്അപ് ട്രക്ക് കൺസെപ്റ്റ് ആയാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ വ്യത്യസ്ത ബോഡി ശൈലിയിലേക്ക് ഈ ഷാസി മാറ്റാനാകും. എസ്‍യുവിയായും പിക്അപ് ട്രക്കായും ഈ കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പ്രതീക്ഷിക്കാം. ടൊയോട്ടയുടെ ഹൈലക്‌സും ഫോര്‍ച്യൂണറും പോലുള്ള മറ്റു മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലുള്ള എസ്‌യുവി എന്ന ലേബലിലാണ് ഐഎംവി 0 അവതരിപ്പിച്ചിരിക്കുന്നത്.

മോഡുലാര്‍ ഡിസൈനിലുള്ള സിംഗിള്‍ ക്യാബ് ഷാസി വ്യത്യസ്തമായ ബോഡികളില്‍ ഈ പിക്അപ് ട്രക്കിനെ നിര്‍മിച്ചെടുക്കാന്‍ സഹായിക്കുന്നു. ടൊയോട്ടയുടെ പിക്അപ്പുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടുതലാണെന്ന് ആരോപണം നേരത്തെയുണ്ട്. ഇതിനുള്ള പരിഹാരമായാണ് പ്രധാനമായും ഐഎംവി 0 എത്തുന്നത്. 'കൂടുതല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും സര്‍ക്കാരുകളുടെ നിയന്ത്രണങ്ങളുമെല്ലാം വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പല ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്നു പിന്നോട്ടു വലിച്ചു. ഇങ്ങനെയൊരു കണ്‍സപ്റ്റ് അവതരിപ്പിച്ചിന് പിന്നില്‍ ഈ കാരണം കൂടിയുണ്ട്. എല്ലാവര്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കാന്‍ ഐഎംവി 0 ക്ക് സാധിക്കും' ടൊയോട്ട ഡെയ്ഹാറ്റ്‌സു എന്‍ജിനീയറിങ് ആന്റ് മാനുഫാക്ചറിങ്(TDEM) പ്രസിഡന്റ് യോഷികി കോനിഷി പറഞ്ഞു.

toyota-imv0-concept-2

വാഹനത്തിന്റെ വില കുറക്കുന്നതിന് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ ടൊയോട്ട നടത്തിയിട്ടുണ്ട്. അതിനായി രൂപകല്‍പനയില്‍ മാറ്റം വരുത്തുകയും കനം കുറഞ്ഞ ഭാഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയും സൗകര്യങ്ങളുമാണ് പ്രധാനമായും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ഇക്കാര്യങ്ങളില്‍ ടൊയോട്ട എന്തൊക്കെ ഒത്തു തീര്‍പ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയായിരിക്കും ഈ പ്രതിസന്ധിയെ ടൊയോട്ട മറികടക്കുക.

ഐഎംവി 0 യുടെ കാര്യത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്തൊക്കെ വേണ്ടെന്നു വയ്ക്കണം എന്ന കാര്യത്തില്‍ സമര്‍ഥമായി തീരുമാനമെടുക്കുമെന്ന് ടൊയോട്ട മോട്ടോര്‍ ഏഷ്യ പസഫിക് പ്രസിഡന്റ് ഹോ ക്വോക് ടിയന്‍ പറഞ്ഞിട്ടുണ്ട്. ആസിയാന്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഒരു യൂട്ടിലിറ്റി പിക് അപ് ആയിട്ടായിരിക്കും ഐഎംവി 0 എത്തുക. ഫലത്തില്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഐഎംവി 0 യുടെ വിലയും സൗകര്യങ്ങളും കുറയും.

toyota-imv0-concept-1

എസ്‌യുവിയുടെ ശരീരഘടനയുള്ള ഐഎംവി 0 വെറും പിക് അപ്പാക്കി ഒതുക്കാന്‍ ടൊയോട്ടക്ക് പദ്ധതിയുണ്ടാവില്ല. 60 ലക്ഷത്തിലേറെ വിലയുള്ള ഫോര്‍ച്യൂണറിന് പകരം കുറഞ്ഞ വിലയില്‍ ഒരു എസ്‌യുവി എന്ന ആഗ്രഹമുള്ളവര്‍ക്കും ഐഎംവി 0 മികച്ച ഓപ്ഷനാകും. ഫോര്‍ച്യൂണറിന്റെ 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനു പകരം ഇന്നോവയുടെ 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ പുതിയ വാഹനത്തിന് ലഭിക്കാനാണ് സാധ്യത. ഇന്നോവ ഹൈക്രോസിലെ കൂടുതല്‍ കരുത്തുള്ള 2.0 ഹൈബ്രിഡ് സാങ്കേതികവിദ്യയും IMV 0ക്ക് ലഭിച്ചേക്കും. 2025ല്‍ ആസിയാന്‍ രാജ്യങ്ങളില്‍ ഇറങ്ങുന്ന ഐഎംവി 0 വൈകാതെ ഇന്ത്യയിലേക്കും പിക് അപ് രൂപത്തില്‍ തന്നെ എത്തും. ഇതേ വാഹനത്തിന്റെ എസ്.യു.വി വകഭേദം പിക് അപ് പുറത്തിറങ്ങി ഒരു വര്‍ഷത്തിനു ശേഷം വരാനാണ് സാധ്യത.

English Summary:

EXCLUSIVE! Toyota’s IMV 0 platform could spawn affordable version of Fortuner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com