'സൂപ്പര്‍ ഹ്യൂമന്‍' കഴിവുകള്‍ റോബട്ടുകൾ ആദ്യമേ നേടും, പാനോറഡാറിലൂടെ അതിശയക്കാഴ്ച

Mail This Article
അമ്പരപ്പിക്കുന്ന ശാസ്ത്ര പുരോഗതിക്ക് സാധ്യതയും ഏറെ ഗവേഷണങ്ങളും നടക്കുന്ന മേഖലകളാണ് റോബടിക്സും നിര്‍മിത ബുദ്ധിയും. ഭാവിയില്‍ കൂടുതല്‍ കൂടുതല്‍ മനുഷ്യ ജീവിതത്തില്‍ നിര്‍മിത ബുദ്ധിയും റോബടിക്സുമെല്ലാം സ്വാധീനം ചെലുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. യുദ്ധവും രക്ഷാപ്രവര്‍ത്തനവും അടക്കമുള്ള പ്രതിസന്ധികളില്‍ മനുഷ്യരേക്കാള്‍ ഡ്രോണുകളേയും റോബട്ടുകളെയുമെല്ലാം ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യരേക്കാള്‍ മെച്ചപ്പെട്ട കാഴ്ച്ചയുള്ള റോബട്ടുകള്‍ ഭാവിയില്‍ എത്തുമെന്ന സൂചനകളാണ് ഗവേഷകര്‍ നല്‍കുന്നത്.
മോശം കാലാവസ്ഥകളില്‍ മികച്ച കാഴ്ച്ചയുള്ള റോബട്ടുകളെ ഒരുക്കുകയെന്നത് എക്കാലത്തും ശാസ്ത്രലോകത്തിനു മുന്നിലെ വെല്ലുവിളിയായിരുന്നു. ഈ ലക്ഷ്യത്തിലേക്കായി പാനോ റഡാര്‍ എന്ന പുതിയ സംവിധാനം തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം. സാധാരണ റേഡിയോ തരംഗങ്ങളെ ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയുടെ വിപുലമായ 3ഡി കാഴ്ച്ചയൊരുക്കുന്ന സംവിധാനമാണ് 'പനോറഡാര്'.
സഹായകമാകുക റേഡിയോ തരംഗങ്ങള്മോശം കാലാവസ്ഥയിലും മികച്ച കാഴ്ച്ച എങ്ങനെ റോബട്ടുകള്‍ക്ക് നല്കാമെന്നത് റോബടിക്സിലെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു. വെളിച്ചം അടിസ്ഥാനമാക്കിയിലുള്ള ക്യാമറകളും ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ്(LiDAR) സംവിധാനങ്ങളുമെല്ലാം മഞ്ഞുള്ള സമയങ്ങളിലും പുകയുള്ളപ്പോഴും പരാജയമാണ്. അതേസമയം കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള റേഡിയോ തരംഗങ്ങള്‍ പുകയുടേയും മഞ്ഞിന്റേയും സാഹചര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.