ADVERTISEMENT

മുംബൈ∙ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഹാർദിക് പാണ്ഡ്യ ഉണ്ടാകില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ അറിയിച്ചു. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ താരത്തിന് ഒരു മത്സരത്തിൽ വിലക്കുണ്ട്. പാണ്ഡ്യ കളിക്കാതിരുന്നാൽ രോഹിത് ശർമ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ രോഹിത് നായക സ്ഥാനത്തേക്കു വരില്ലെന്ന് പാണ്ഡ്യ തന്നെ വ്യക്തമാക്കി. 

മാർച്ച് 23ന് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവായിരിക്കും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ. അടുത്ത സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്യാപ്റ്റനായി അനുഭവ സമ്പത്തുള്ള രോഹിത് താൽക്കാലികമായെങ്കിലും ടീമിന്റെ നായകനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ പേരാണു മുന്നോട്ടുവച്ചത്. 

ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാണു 34 വയസ്സുകാരനായ സൂര്യകുമാർ യാദവ്. ഇന്ത്യയെ 22 മത്സരങ്ങളിൽ നയിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 17 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2023ൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവായിരുന്നു മുംബൈയുടെ ക്യാപ്റ്റൻ. ആ മത്സരത്തിൽ രോഹിത് ശർമ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായാണു കളിക്കാനിറങ്ങിയത്. 

കഴിഞ്ഞ സീസണിനു തൊട്ടുമുൻപാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഗുജറാത്ത് ടൈറ്റൻസ് വിട്ട് ടീമിലെത്തിയ ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. മുംബൈ ടീമിലേക്കു തിരിച്ചെത്തിയ പാണ്ഡ്യയെ ഹോം ഗ്രൗണ്ടിൽനിന്നുവരെ സ്വന്തം ആരാധകർ കൂക്കിവിളിച്ച് അപമാനിച്ചതും വൻ വാർത്തയായിരുന്നു. അതേസമയം ചെന്നൈ– മുംബൈ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിൽപന തുടങ്ങി ഒരു മണിക്കൂറിനകം വിറ്റുതീർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com