ADVERTISEMENT

ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് ആഞ്ഞടിച്ച വെല്ലുവിളികളുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും കനത്ത വീഴ്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 84.93 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലായി. രാജ്യാന്തരതലത്തിൽ ഡോളർ ശക്തമാകുന്നതിന് പുറമേ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതുമാണ് രൂപയെ നോവിച്ചത്.

ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. കയറ്റുമതിയേക്കാൾ കൂടുതലാണ് ഇറക്കുമതി എന്നതിനാൽ വിദേശ കറൻസികൾക്ക് ഡിമാൻഡ് ഏറുകയും രൂപയ്ക്കത് സമ്മർദമാവുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയും സമ്മർദത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ അടക്കമുള്ളവ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാനായി വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതും തിരിച്ചടിയാണ്. മാത്രമല്ല, യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് അടുത്തമാസമെത്തുന്നു എന്നതും ഡോളറിന് കരുത്താണ്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ ഡോളറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകൾ.

രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ വിദേശനാണയ ശേഖരത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വൻതോതിൽ വിറ്റഴിച്ച് റിസർവ് ബാങ്ക് രക്ഷാദൗത്യം നടത്തുന്നുണ്ട്. അല്ലായിരുന്നെങ്കിൽ രൂപ കൂടുതൽ‌ ദുർബലമാകുമായിരുന്നു. ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപം കൊഴിയുന്നതും രൂപയ്ക്ക് പ്രതിസന്ധിയാണ്. ഇന്നലെ മാത്രം 280 കോടിയോളം രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) വിറ്റൊഴിഞ്ഞിരുന്നു.

വീണുടഞ്ഞ് ഓഹരി വിപണി
 

ഡോളറിന്റെ മുന്നേറ്റം, ഇന്ത്യയുടെ വ്യാപാരക്കമ്മി വർധന തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് തുടക്കംമുതൽ നഷ്ടത്തിലാണുള്ളത്. സെൻസെക്സ് ഒരുവേള 1,000 പോയിന്റിലധികം വീണു. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 800 പോയിന്റിലേറെ (-1.02%) ഇടിഞ്ഞ് 80,955ൽ. ഇന്നൊരുവേള ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 3 ലക്ഷം കോടിയോളം രൂപയും കൊഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com