മൊത്തവില സൂചിക വീണ്ടും നെഗറ്റീവ്

Mail This Article
ന്യൂഡൽഹി∙ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവിൽ. –0.26 ശതമാനമാണ് സെപ്റ്റംബറിലെ മൊത്തവിലക്കയറ്റം. തുടർച്ചയായ ആറാം മാസമാണ് മൊത്തവില സൂചിക നെഗറ്റീവ് പരിസരത്താകുന്നത്.
അതേസമയം, സൂചിക 6 മാസത്തെ ഉയർന്ന നിലവാരത്തിലാണ്. കഴിഞ്ഞ മാസം –0.52% ആയിരുന്നു. എന്നാൽ മുൻവർഷം സെപ്റ്റംബറിൽ ഇത് 10.55% വരെ ഉയർന്നിരുന്നു.
ഇന്ധനവിലയിലും ഊർജവിലയിലും കുറവുണ്ട്. ഓഗസ്റ്റിൽ 5.62 ശതമാനമായിരുന്ന പച്ചക്കറി വിലക്കയറ്റത്തോത് സെപ്റ്റംബറിൽ 1.54 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യോൽപന്നങ്ങൾക്കൊപ്പം കെമിക്കലുകളുടെയും കെമിക്കൽ ഉൽപന്നങ്ങളുടെയും ധാതു എണ്ണകളുടെയും ലോഹങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറഞ്ഞതും സൂചിക നെഗറ്റീവ് പരിസരത്തു തുടരാൻ കാരണമായി.
കഴിഞ്ഞദിവസം പുറത്തുവന്ന ഉപഭോക്തൃ വില സൂചിക 3 മാസത്തെ താഴ്ന്ന നിലവാരത്തിലാണ്.