ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ; നാമനിർദേശം ചെയ്ത് ട്രംപ്, അംഗീകാരം നൽകി സെനറ്റ്

Mail This Article
വാഷിങ്ടൻ∙ മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അടുത്ത ഡയറക്ടറായി തിരഞ്ഞെടുത്തു. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ കാഷ് പട്ടേൽ യുഎസ് രഹസ്യാനേഷണ ഏജൻസി സിഐഎയുടെ തലപ്പത്ത് എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.
1980 ഫെബ്രുവരി 25ന് ന്യൂയോർക്കിൽ ജനിച്ച പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.