ADVERTISEMENT

മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നു പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തിനെതിരെ ഹരീഷ് പേരടി. താങ്കൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകമെന്ന് ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ: ‘‘മിസ്റ്റർ പ്രേംകുമാർ...നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം. ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം. 

അസൻമാർഗീക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ. സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെംബർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ ‌അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്.എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്.

ഇങ്ങനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്...പക്ഷേ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേർ ‘എനിക്കുശേഷം പ്രളയം’.’’

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നുമാണ് പ്രേംകുമാര്‍ അഭിപ്രായപ്പെട്ടത്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.

English Summary:

Newborn Birth Defect Case: Spcial Investigation team to investigate the complaint. Health Minister Veena George promises strict action if negligence is confirmed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com