തിരച്ചിൽ താൽക്കാലികമായി നിർത്തി, ഒരു സിഗ്നൽകൂടി ലഭിച്ചു; രക്ഷാപ്രവർത്തനം പരാജയമെന്ന് രഞ്ജിത്ത് ഇസ്രയേൽ

Mail This Article
ബെംഗളൂരു∙ കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം മണ്ണിനടിയിലായ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കും. രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. നേരത്തെ റഡാറിൽ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻപാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്.
രക്ഷാദൗത്യം പരാജയമാണെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും മണ്ണിടിഞ്ഞു വീഴാമെന്നും കേരളത്തിൽനിന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമാകാനെത്തിയ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. സ്ഥലയ്ക്ക് ഇടയ്ക്ക് മഴ പെയ്യുന്നത് ആശങ്കയുണർത്തുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തിരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും രക്ഷാശ്രമങ്ങൾക്ക് തിരിച്ചടിയാണ്.
ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനമുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്‌പി നാരായണ പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഷിരൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.