ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്ത്: നാട്ടിലേക്കു മടങ്ങാതെ പാക്ക് താരങ്ങൾ, അവധിക്കാലം ലണ്ടനിൽ...
Mail This Article
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ട് കാണാതെ പുറത്തായ പാക്ക് ടീമംഗങ്ങൾ ചൊവ്വാഴ്ച പാക്കിസ്ഥാനിലെത്തും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെയാണ് പാക്ക് താരങ്ങൾ നാട്ടിലേക്കു തിരിച്ചത്. അതേസമയം ക്യാപ്റ്റൻ ബാബർ അസം ഉൾപ്പടെ ആറു താരങ്ങൾ പാക്കിസ്ഥാനിലേക്കു പോയിട്ടില്ല. ലോകകപ്പ് കളിച്ചതിന്റെ ക്ഷീണം മാറ്റാൻ ലണ്ടനിലേക്കു പോകാനാണ് ഇവരുടെ തീരുമാനം. ബാബർ അസം, മുഹമ്മദ് ആമിർ, ഇമാദ് വസീം, ഹാരിസ് റൗഫ്, ശതാബ് ഖാൻ, അസം ഖാൻ എന്നിവരാണ് ലണ്ടനിലേക്കു പോകുന്നത്.
ലണ്ടനിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി അവധിക്കാലം ചെലവഴിച്ച ശേഷമായിരിക്കും ഇവർ പാക്കിസ്ഥാനിലേക്കു പോകുക. ഇതിൽ ചില താരങ്ങൾ യുകെയിലെ പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കാൻ ആലോചിക്കുന്നതായും ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. പാക്ക് പരിശീലകനായ ഗാരി കേഴ്സ്റ്റൻ സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്കാണു പോകുക. പാക്ക് കോച്ചിങ് സ്റ്റാഫിലുള്ള മറ്റുള്ളവരും സ്വന്തം നാടുകളിലേക്കു മടങ്ങും.
അവസാന മത്സരത്തിൽ അയർലൻഡിനെതിരെ പാക്കിസ്ഥാൻ മൂന്നു വിക്കറ്റു വിജയം നേടിയിരുന്നു. ഇന്ത്യയോടും യുഎസിനോടും തോറ്റതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. കാനഡയെ ഏഴു വിക്കറ്റിനു തോൽപിച്ചിട്ടും പാക്ക് നിരയ്ക്ക് സൂപ്പർ 8 ഉറപ്പിക്കാൻ സാധിച്ചില്ല. എ ഗ്രൂപ്പിൽ ഒന്നാമൻമാരായി ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള യുഎസും അടുത്ത റൗണ്ടിലെത്തി.


പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇനി ഓഗസ്റ്റിൽ മാത്രമാണു കളിയുള്ളത്. ബംഗ്ലദേശിനെതിരെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയാണ് ഇനി കളിക്കേണ്ടത്. ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെയും പരമ്പരയുണ്ട്. പാക്കിസ്ഥാൻ ടീമിൽ താരങ്ങൾ മൂന്നു ഗ്രൂപ്പുകളായാണു പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.