രജപുത്ര അതൃപ്തിക്ക് ബിജെപി ഒറ്റമൂലി; രാജകുടുംബാംഗത്തെ പാർട്ടിയിലെത്തിച്ചു

Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിലെ ആദ്യ സ്ഥാനാർഥിപ്പട്ടികയ്ക്കു പിന്നാലെ ജയ്പുർ മേഖലയിലെ രജപുത്രർക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അതൃപ്തി ശമിപ്പിക്കാൻ മേവാർ രാജകുടുംബത്തിലെ ഇളമുറക്കാരനെ ബിജെപി പാർട്ടിയിലെത്തിച്ചു. മഹാറാണാ പ്രതാപിന്റെ പിന്മുറക്കാരനായ വിശ്വരാജ് സിങ് മേവാറും കർണി സേന നേതാവായിരുന്ന ലോകേന്ദ്ര സിങ് കൽവിയുടെ മകൻ ഭവാനി കൽവിയും ഇന്നലെ ബിജെപിയിൽ ചേർന്നു. വിശ്വരാജിന്റെ പിതാവ് മഹേന്ദ്രസിങ് 89 ൽ ചിത്തോർഗഡിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു.
രജപുത്ര വിഭാഗത്തിലെ 2 പ്രമുഖർ പാർട്ടിയിലെത്തിയതു ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി.ജോഷിയും ചേർന്നാണ് ബിജെപി ദേശീയ ആസ്ഥാനത്ത് ഇരുവരെയും പാർട്ടിയിലേക്കു സ്വീകരിച്ചത്.
വിദ്യാധർ നഗർ മണ്ഡലത്തിൽ പ്രമുഖ നേതാവ് നർപട് സിങ് രാജ്‌വിക്ക് സീറ്റ് നിഷേധിച്ച് ജയ്പുർ രാജകുടുബാംഗമായ ദിയാ കുമാരിക്കു സീറ്റ് നൽകിയതിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. മുഗളന്മാർക്കെതിരെ പോരാടിയ രജപുത്രരെ അപമാനിക്കുന്നുവെന്ന മട്ടിൽ രാജ്‌വി പ്രതികരിക്കുകയും ചെയ്തു. ജയ്പുർ രാജകുടുംബം മുഗളന്മാരുമായി സന്ധി ചെയ്തവരാണെന്ന സൂചന ഇതിലടങ്ങിയിരുന്നു.
മധ്യപ്രദേശിലെ അഞ്ചാം പട്ടികയും മിസോറം, തെലങ്കാന എന്നിവിടങ്ങളിലെ പട്ടികയും വൈകില്ലെന്നാണു സൂചന. ഛത്തീസ്ഗഡിലെ ബാക്കി 5 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെക്കൂടി തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു.