തിരുവനന്തപുരത്തെ മുക്കിയ പ്രളയം

Mail This Article
ഒരു കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നത് ഇനിയെങ്കിലും നാം ഗൗരവത്തോടെ കണ്ടേതീരൂ. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളക്കെട്ടും കൊടുംദുരിതവും ഇതിന്റെ ഏറ്റവുമൊടുവിലത്തെ സാക്ഷ്യമാകുന്നു. ഒറ്റ രാത്രിയിൽ പെയ്ത കനത്ത മഴയ്ക്കുപോലും ജനജീവിതത്തെ നരകിപ്പിക്കാവുന്ന ദുരവസ്ഥയിലേക്കു തിരുവനന്തപുരം പോലുള്ള വൻനഗരം എത്തിയതിൽ സംസ്ഥാനത്തിനു മുഴുവനുമുള്ള പാഠമുണ്ട്. മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിൽ മാത്രമേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം അധികാരികൾ ഇനിയും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ പെയ്ത മഴയിലാണ് തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായത്. ജില്ലയിലെ 6 താലൂക്കുകളിൽ മൂന്നിലും (ചിറയിൻകീഴ്, തിരുവനന്തപുരം, വർക്കല) മഴ നാശം വിതച്ചു. 2018, 2019 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയങ്ങൾ ബാധിക്കാതിരുന്ന ജില്ലയിലെ പ്രദേശങ്ങൾ പോലും ഈ വെള്ളക്കെട്ടിന്റെ ഭീതിയിലാഴ്ന്നത് അതീവഗൗരവമുള്ള കാര്യമാണ്. മഴയ്ക്കു ശമനമുണ്ടായതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മിന്നൽപ്രളയമുണ്ടാക്കിയ ദുരിതങ്ങൾ ഇപ്പോഴും തുടരുന്നു. കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭ്യമാവാതിരുന്നതിനെക്കുറിച്ചും വിവിധ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയെക്കുറിച്ചുമൊക്കെ അധികാരികൾ പറയുമ്പോഴും വെള്ളക്കെട്ടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹാരമില്ലാതെ മുന്നിലുണ്ടെന്നതു മറന്നുകൂടാ.
ആസൂത്രണമില്ലായ്മയും അധികൃതരുടെ അനാസ്ഥയുമാണ് തിരുവനന്തപുരത്തെ വെള്ളക്കെട്ടിനു വഴിവച്ചതെന്നും ഇതൊരു മുന്നറിയിപ്പായിക്കണ്ട് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ദുരന്തമാകും ഫലമെന്നും ഈ രംഗത്തെ വിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ നഗരവെള്ളപ്പൊക്കത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വേണ്ടത്ര ജലനിർഗമന മാർഗങ്ങൾ ഇല്ലാത്തതും ഓടകൾ അടഞ്ഞുകിടക്കുന്നതും മഴക്കാല പൂർവ ഒരുക്കങ്ങൾ കാര്യമായി നടക്കാത്തതുമാണ് തിരുവനന്തപുരത്തടക്കം പലയിടത്തെയും വെള്ളക്കെട്ടിനു മുഖ്യകാരണമെന്നത് ഇനിയും നാം കാണാതിരിക്കരുത്. വെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനങ്ങൾ പലയിടത്തുമില്ല. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷണം നടക്കുന്നുമില്ല. കാനകളും അഴുക്കുചാലുകളും മഴയ്‌ക്കു മുൻപു വൃത്തിയാക്കേണ്ട അധികൃതർ പലപ്പോഴും അതു ചെയ്യാത്തതുകൊണ്ട് ഓടകൾ നിറഞ്ഞു റോഡ് കുളമാകുന്നു. ഓടകൾ പോലുമില്ലാത്തയിടങ്ങളും നമ്മുടെ നാട്ടിൽ കുറവല്ല. തുറന്നുകിടക്കുന്ന ഓടകൾ മഴക്കാലത്തു ചതിക്കുഴികളാകുന്ന ദുരന്താനുഭവങ്ങളും നമുക്കുണ്ട്.
വ്യക്‌തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. തലയ്‌ക്കു മീതെ വെള്ളം വരുമ്പോൾമാത്രം അതിനുമീതെ ഒഴുകാനുള്ള തോണി നാം പുറത്തെടുത്താൽ പോരാ. ജനജീവിതത്തെ സ്തംഭിപ്പിച്ചുപോരുന്ന മിന്നൽപ്രളയങ്ങളോട് ഇപ്പോഴും അധികാരികൾ പുലർത്തിവരുന്ന നിസ്സംഗഭാവം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മഴയുടെ സ്വഭാവം മാറിയെന്ന കാര്യം മനസ്സിലാക്കി, വെള്ളക്കെട്ടു നിവാരണ പരിപാടികൾ കാലോചിതം പരിഷ്കരിക്കാൻ ഇനിയും വൈകിക്കൂടാ. സ്ഥിരം വെള്ളക്കെട്ടു പ്രദേശങ്ങൾ, പുതിയ മേഖലകൾ, വെള്ളക്കെട്ട് ഉണ്ടാവാനുള്ള കാരണങ്ങൾ തുടങ്ങിയവ പഠിച്ച്, ഇനിയും ഇത്തരം ജലസ്തംഭനങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര പരിഹാരമാർഗങ്ങൾ കണ്ടെത്തിയേതീരൂ.
നമ്മുടെ നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനു സർക്കാർ മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. ഓട്ടയടയ്‌ക്കുന്ന തരത്തിലുള്ള താൽക്കാലിക മാർഗങ്ങൾക്കു പകരം ശാശ്വത പരിഹാരമാണു ലക്ഷ്യമിടേണ്ടത്. ജലനിർഗമന സംവിധാനങ്ങളിൽ മഴക്കാലത്തിനു മുൻപുതന്നെ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തി അപാകതകൾ പരിഹരിക്കണമെന്നും നഗരങ്ങളിലെ പ്രധാന തോടുകളിലെയും സമീപ നദികളിലെയും നീരൊഴുക്ക് സുഗമമാക്കാൻ നടപടികൾ വേണമെന്നും വിദഗ്ധർ പറയുന്നുണ്ട്. വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ അടിയന്തരശ്രദ്ധ വേണമെന്നും അവർ ഓർമിപ്പിക്കുന്നു.
ഒരൊറ്റ മഴയ്‌ക്കുപോലും തോൽപിക്കാനാകുംവിധം ദുർബലമാകരുത്, കേരളത്തിലെ ഒരു നഗരവും.