യുകെയിൽ വാഹനം ഓടിക്കുമ്പോൾ ഫോണില്‍ തൊടുന്നവർ ശ്രദ്ധിക്കുക; വിലക്ക് നേരിടുന്നത് ആറുലക്ഷം ഡ്രൈവര്‍മാര്‍

Mail This Article
ലണ്ടൻ ∙ യുകെയിൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ തൊട്ടതിന് വിലക്ക് നേരിടുന്നത് ആറുലക്ഷം ഡ്രൈവര്‍മാരാണെന്ന മുന്നറിയിപ്പുമായി റോഡ് സുരക്ഷാ ചാരിറ്റി രംഗത്ത്. ഐഎഎം റോഡ്സ്മാർട്ടാണ് ഔദ്യോഗിക ഡാറ്റയുടെ വിശകലനത്തിൽ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. ഒരു സെക്കന്‍ഡ് നേരത്തേക്ക് ആണെങ്കിലും വാഹനം ഓടിക്കവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് ഫൈനും ലൈസന്‍സില്‍ ആറ് പോയിന്റുമാണ് ചേര്‍ക്കപ്പെടുന്നത്.
ഓഗസ്റ്റ് 5 വരെയുള്ള കണക്കുകള്‍ പ്രകാരം 5,47,287 ഡ്രൈവര്‍മാര്‍ക്ക് ആറ് പോയിന്റ് ലഭിച്ചിട്ടുണ്ട്. 94,088 പേര്‍ക്ക് ഒന്‍പത് പോയിന്റും കിട്ടിയിട്ടുണ്ടെന്നാണ് കണക്ക്. യുകെയിലെ റോഡ് നിയമം പ്രകാരം മൊബൈല്‍ ഫോണ്‍ കയ്യില്‍ എടുത്ത് ഉപയോഗിക്കുന്നതിന് നിരോധനം നിലിവലുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ കിട്ടുന്ന ഡ്രൈവർമാർക്ക് സാധാരണയായി ആറ് മാസത്തെ വിലക്ക് നൽകും. വഴിയരികിൽ നിൽക്കുന്ന യാത്രക്കാരും വ്യാപകമായി വാഹനങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫോട്ടോ എടുക്കാനോ ഗെയിം കളിക്കാനോ ആണ് ഫോണ്‍ കൈയില്‍ എടുത്തതെന്ന ന്യായം കാണിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ലഭിച്ചിരുന്ന പഴുത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു. 2022 ല്‍ ബ്രിട്ടനിലെ റോഡുകളില്‍ 22 പേരാണ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 148 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇത്തരം കേസുകളിലെല്ലാം വില്ലനായത് മൊബൈല്‍ ഫോണുകളാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി മുന്നറിയിപ്പ് നൽകുന്നു.