കർക്കടകത്തിൽ കർഷകരുടെ കണ്ണീർ വീഴ്ത്തി കാട്ടാനകൾ

Mail This Article
പനമരം ∙ കാറ്റും മഴയും ശക്തമായതിനൊപ്പം കാട്ടാന ശല്യവും രൂക്ഷമായതോടെ നരകയാതനയോടെ ഓരോ ദിവസവും തള്ളി നീക്കുകയാണ് പനമരം, പൂതാടി പഞ്ചായത്തിലെ സാധാരണക്കാരായ കർഷകരും തൊഴിലാളി കുടുംബങ്ങളും. കഴിഞ്ഞ ഒരാഴ്ചകൊണ്ടു ഒട്ടേറെ കർഷകരുടെ ഏക്കറുകണക്കിനു വാഴയും തെങ്ങും അടക്കമുള്ള കൃഷികളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിനു പുറമേ കർഷകർ വിതച്ച നെൽവിത്തുകളും കാട്ടാന ചവിട്ടി താഴ്ത്തി.
കഴിഞ്ഞ ഒന്നരമാസമായി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെങ്കിലും മഴ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായതായി കർഷകർ പറയുന്നു. പാതിരി സൗത്ത് സെക്‌ഷനിൽ നിന്നിറങ്ങുന്ന കാട്ടാനകളാണു സ്ഥിരമായി കർഷകന്റെ ഉറക്കം കെടുത്തുന്നത്. തുടർച്ചയായി ഇറങ്ങുന്ന കാട്ടാന മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു. കാട്ടാന കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മുൻവർഷങ്ങളിൽ അപേക്ഷ നൽകിയ കർഷകർക്ക് പോലും ഒരുരൂപ പോലും ഇതുവരെ നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ലെന്നു കർഷകർ പറയുന്നു.
കായക്കുന്നിൽ കച്ചികൊമ്പൻ
പാതിരി സൗത്ത് സെക്‌ഷനിലെ മണൽവയൽ, ചെക്കിട്ട ഭാഗത്തു നിന്ന് കായക്കുന്ന് ഭാഗത്തിറങ്ങുന്ന കാട്ടാനകൾ വളർത്തുമൃഗങ്ങൾക്കായി കർഷകർ വാങ്ങിവച്ച വൈക്കോൽ തിന്നുതീർക്കുന്നു. കായക്കുന്നിൽ കഴിഞ്ഞദിവസം ഇറങ്ങിയ കൊമ്പൻ കർഷകനായ കോലത്തേട്ട് ജിമ്മിയുടെ വീടിനു സമീപമെത്തി 8 റോൾ വൈക്കോൽ അകത്താക്കുകയും ബാക്കി വാരിവലിച്ചിടുകയും ചെയ്താണു മടങ്ങിയത്.
മറ്റു കർഷകരുടെയും വൈക്കോൽ കാട്ടാന തിന്നു തീർത്തിട്ടുണ്ടെന്നും കർഷകർ പറയുന്നു. വൈക്കോൽ മോഷണം പോയതാണെന്നാണു കർഷകർ ആദ്യം വിചാരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണു കാട്ടാനയുടെ കാൽപാട് ശ്രദ്ധയിൽപെട്ടത്. കൂടാതെ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷികളും ഈ പ്രദേശത്തിറങ്ങിയ കാട്ടാന നശിപ്പിച്ചു. 4 വർഷത്തിന് ശേഷമാണ് ഈ ഭാഗത്ത് കാട്ടാനയെത്തിയതെന്നു കർഷകർ പറയുന്നു.
നെയ്ക്കുപ്പയിൽ മതിലിടിയൻ
പാതിരി സൗത്ത് സെക്‌ഷനിലെ നെയ്ക്കുപ്പയിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപകമായി മതിലുകളും കയ്യാലകളും ഇടിച്ചുനിരത്തുകയാണ്. റോഡിലേക്കു കല്ലുകൊണ്ടു കെട്ടിയ കയ്യാലകൾ അടക്കം ഇടിച്ചിടുന്നതിനാൽ പലപ്പോഴും ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. റോഡിൽ വീണുകിടക്കുന്ന തടസ്സം മൂലം യാത്ര മുടങ്ങിയവരും നെയ്ക്കുപ്പയിലുണ്ട്. കഴിഞ്ഞ ഒരുമാസമായി നെയ്ക്കുപ്പ, എകെജി പ്രദേശത്ത് കാട്ടാനകളുടെ വിളയാട്ടമാണ്.
ഇതിനോടകം ഇവിടെ മാത്രം ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണു കർഷകർക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കക്കോടൻ ബ്ലോക്കിൽ ഇറങ്ങിയ കാട്ടാന വീട് പണി നടക്കുന്നതിനു സമീപം തൊഴിലാളികൾക്കായി നിർമിച്ച ഷെഡ് തകർത്താണു മടങ്ങിയത്. ഇന്നലെ നടവയൽ ടൗണിന് സമീപമെത്തിയ കാട്ടാന ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചു. രൂക്ഷമായ കാട്ടാന ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണു കർഷകരുടെ ആവശ്യം.