കുന്നിടിഞ്ഞ് കാരാപ്പുഴ ഡാമിൽ വീണു; ജലാശയം ചെളിമയം

Mail This Article
അമ്പലവയൽ ∙ മണ്ണ് ഇടിഞ്ഞു ജലാശയത്തിലേക്കിറങ്ങി കാരാപ്പുഴ ഡാമിലെ വെള്ളത്തിന്റെ നിറംമാറി. ഇന്നലെ രാവിലെ മുതലാണ് ഡാമിലെ വെള്ളം ഇളം ചുവപ്പായി മണ്ണിന്റെ നിറത്തിലേക്കു മാറിയത്. പദ്ധതി പ്രദേശത്തെ ഡാമിലെ വെള്ളത്തിലേക്കു കുന്നുകളിൽനിന്നു മണ്ണ് ഇടിഞ്ഞതാണു നിറം മാറ്റത്തിനു കാരണം. ഇതോടെ നിലവിൽ ഡാമിലെ വെള്ളവും സ്പിൽവേ വഴി ഒഴുകിപ്പോകുന്ന വെള്ളവും ചെളി കലങ്ങിയ അവസ്ഥയിലാണ്. ജലസംഭരണിയിലേക്കു കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴുന്നത് ഡാമിന്റെ സംഭരണശേഷിയെ കാര്യമായി ബാധിക്കും.
മുൻപ് മണ്ണ് ഒലിച്ചിറങ്ങുന്നത് കണ്ടെത്താനുള്ള പഠനങ്ങളും മറ്റു നടന്നിരുന്നു. അതിൽ ഡാമിലേക്കു മണ്ണ് ഒലിച്ചിറങ്ങുന്നതു വർധിക്കുന്നതായും കണ്ടെത്തുകയും ചെയ്തിരുന്നു. ഡാമിന്റെ എതിർവശത്തായുള്ള നെല്ലാറച്ചാൽ ഭാഗത്ത് പദ്ധതിയുടെ ഭാഗമായി കിടക്കുന്ന ഒഴിഞ്ഞ കുന്നുകളിന്റെ ഭാഗമാണു പ്രധാനമായും ഡാമിലേക്ക് ഇടിഞ്ഞ് ഇറങ്ങുന്നത്. മുൻകാലങ്ങളിലും ഡാമിലേക്കു പദ്ധതി പ്രദേശത്തിന്റെ പലഭാഗങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. മഴക്കാലത്താണ് ഇതു രൂക്ഷമാകുന്നത്.