കൊലക്കേസ് പ്രതിക്കെതിരെ പീഡനശ്രമത്തിന് കേസ്

Mail This Article
മാനന്തവാടി ∙ തോൽപെട്ടിയിൽ രണ്ടാം ഭാര്യയുടെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന തമിഴ്നാട് തിരകുവണ്ണാമല ഉപ്പുകോട്ട സ്വദേശി മുരുകനെതിരെ തിരുനെല്ലി പൊലീസ് പീഡനശ്രമത്തിനും കേസെടുത്തു. തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പീഡന ശ്രമത്തിനും സ്ത്രീത്വത്തിനു മാനഹാനി വരുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്.
തോൽപെട്ടി നരിക്കലിൽ പുതിയ പുരയിൽ സുമിത്രയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് മുരുകൻ അറസ്റ്റിലായത്. തുടരന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനായി മാനന്തവാടി കോടതിയിൽ അപേക്ഷ നൽകുമെന്നു തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ ജി. വിഷ്ണു പറഞ്ഞു. മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ കൊലക്കേസ് അന്വേഷണവും നടന്നു വരുന്നുണ്ട്. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു കൊണ്ടുള്ള പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്.