നെല്ല് വിളയാൻ വൈകി; പുഞ്ചക്കൊയ്ത്ത് മുടങ്ങി

Mail This Article
തരുവണ ∙ നെല്ല് വിളയാൻ വൈകിയതു കർഷകരെ ആശങ്കയിലാക്കുന്നു. പാലിയാണ പാടശേഖരത്തിലെ 2 ഏക്കർ സ്ഥലത്താണ് നെൽക്കൃഷി ഇപ്പോൾ വിളഞ്ഞ അവസ്ഥയിലുള്ളത്. കനത്ത മഴ തുടരുന്നതിനാൽ വിളവെടുക്കാനാവാതെ വിളവു നശിച്ചു തുടങ്ങിയതാണു കർഷകരെ ആശങ്കയിലാക്കിയത്.
പ്രദേശത്തെ പാടശേഖരങ്ങളിൽ നഞ്ച കൃഷി വിളവെടുപ്പ് വൈകിയതാണു പുഞ്ചക്കൃഷിയെ ബാധിച്ചത്. യുവ കർഷകരായ തോമസ് കരിന്തോളിൽ, സിനോജ് പേര്യകൊട്ടിൽ, ബേബി വെണ്ടർമാലിൽ, രാജീവൻ തരിപ്പോട്ടുമ്മൽ, കെ. സജീവൻ എന്നിവർ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിന് എടുത്ത് നടത്തിയ കൃഷിയാണിത്.
വിളവെടുപ്പിനു വേണ്ടി കൊയ്ത്തു യന്ത്രം എത്തിക്കാൻ ശ്രമിച്ചെങ്കിലും വിളവെടുപ്പ് സാധ്യമായില്ല. മഴ വീണ്ടും ശക്തമായാൽ സമീപത്തെ കക്കടവ് പുഴ കര കവിയുമെന്നതിനാൽ വിളവെടുക്കാൻ പാകമായ കൃഷി പൂർണമായും നശിക്കുമെന്ന ആശങ്കയിലാണു കർഷകർ.