മങ്ങിയ കണ്ണിൽ വിജയത്തിളക്കം; ഒരു കണ്ണിന് കാഴ്ച കുറവുള്ള അഭിജിത്ത് തയ്ക്വാൻഡോയിൽ ജേതാവ്

Mail This Article
പാലോട്∙ കാഴ്ച പരിമിതമാണെങ്കിലും അതൊന്നും തനിക്ക് തടസ്സമല്ലെന്നു തെളിച്ചു തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ ലക്ഷ്യം തെറ്റാതെയുള്ള പ്രതിരോധത്തിൽ മെഡൽ നേട്ടത്തിൽ ഒൻപതാം ക്ലാസുകാരൻ തിളങ്ങി. നന്ദിയോട് പൗവത്തൂർ തെങ്ങുംകോണം തോട്ടരികത്തു വീട്ടിൽ അപ്പു, ശകുന്തള ദമ്പതികളുടെ മകൻ അഭിജിത് ആണ് തയ്ക്വാൻഡോ അസോസിയേഷൻ സംഘടിപ്പിച്ച 61 കിലോയ്ക്ക് താഴെയുളളവരുടെ ചാംപ്യൻഷിപ്പിൽ ജില്ലയിൽ സ്വർണവും സംസ്ഥാന തലത്തിൽ വെങ്കല മെഡലും നേടിയത്.
നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഒരു കണ്ണ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു അഭിജിത്തിന്റെ പിറവി. ഏറെ നാളത്തെ ചികിത്സയും സർജറിയും കൊണ്ടു ഇപ്പോൾ കണ്ണ് പകുതിയിലധികം തുറക്കാൻ കഴിഞ്ഞു. എന്നാലും ആ കണ്ണിന് നേരിയ കാഴ്ചയാണ് ഉള്ളത്. കരാട്ടെയിൽ മാത്രമല്ല നീന്തൽ രംഗത്തും സ്കൂൾ തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കൂടാതെ ഫൈറ്റേഴ്സ് ക്ലബ്ബിൽ പരിശീലനം നേടുന്ന പെരിങ്ങമ്മല ഇടവം റോഡരികത്ത് കളിയിൽവിള വീട്ടിൽ പാലോട് ഓട്ടോ ഡ്രൈവർ ബി. അനിൽകുമാർ, എസ്. മഞ്ജു ദമ്പതികളുടെ മകൻ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ അരുൺകുമാറും ജില്ലയിൽ സ്വർണവും സംസ്ഥാന തലത്തിൽ വെങ്കല മെഡലും നേടി.