ശുദ്ധീകരണ പ്ലാന്റും സംഭരണിയും നിർമിച്ചില്ല; ജലപദ്ധതി വൈകുന്നു

Mail This Article
വയലത്തല ∙ പൈപ്പുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും പദ്ധതി മേഖലകളിൽ വെള്ളമൊഴുകിയെത്താൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ചെറുകോൽ–നാരങ്ങാനം–റാന്നി ജല വിതരണ പദ്ധതിയുടെ സ്ഥിതിയാണിത്. ഭൂമി വിട്ടു കിട്ടാത്തതിനാൽ ജല ശുദ്ധീകരണ പ്ലാന്റിന്റെയും പ്രധാന സംഭരണിയുടെയും പണി ഇനിയും ആരംഭിക്കാനായിട്ടില്ല. പമ്പാനദിയിലെ പുതമൺ കടവിൽ നിന്നു വെള്ളം പമ്പ് ചെയ്തു കുടിലുമുക്കിനു സമീപം നിർമിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ചു പ്രധാന സംഭരണിയിൽ ശേഖരിച്ചു വിതരണം നടത്തുകയാണു ലക്ഷ്യം. കൂടാതെ കൂടുതൽ സംഭരണികളും പദ്ധതി മേഖലകളിൽ പണിയും. ഖാദി ഗ്രാമോദ്യോഗ് ഭവനു കീഴിൽ ഗ്രാമോദ്ധാരണ സമിതി പ്രവർത്തിച്ചിരുന്ന 70 സെന്റ് സ്ഥലമാണു ജല ശുദ്ധീകരണ പ്ലാന്റും പമ്പ് ഹൗസും പ്രധാന സംഭരണിയും നിർമിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ഇതു ജല അതോറിറ്റിക്കു വിട്ടു കിട്ടുന്നതിന് ചെറുകോൽ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
"ഗ്രാമോദ്ധാരണ സമിതിയുടെ 70 സെന്റ് ഭൂമി ജല വിതരണ പദ്ധതിക്കായി ലഭിക്കുന്നതിന് ഗാന്ധി സ്മാരക നിധിയുടെ അനുമതി വേണം. ഇതിനായി അവരെ സമീപിച്ചിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാൻ ആ ഭൂമി ലഭിച്ചില്ലെങ്കിൽ വേറെ സ്ഥലം വിലയ്ക്കെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ചെറുകോൽ പഞ്ചായത്താണ് ഭൂമി ഏറ്റെടുത്തു നൽകേണ്ടത്. അതിനുള്ള ശ്രമം തുടരുകയാണ്." - കെ.ആർ.സന്തോഷ് (പഞ്ചായത്ത് പ്രസിഡന്റ് ചെറുകോൽ)
പൈപ്പിടൽ പുരോഗമിക്കുന്നു; റോഡുകൾ തകരുന്നു

പുതമൺ ജംക്‌ഷൻ മുതൽ ജല ശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്ന സ്ഥലം വരെ പ്രധാന പൈപ്പുകൾ സ്ഥാപിച്ചു. മറ്റിടങ്ങളിൽ ജല വിതരണ കുഴലുകളും സംഭരണികളിലേക്കു വെള്ളമെത്തിക്കേണ്ട പൈപ്പുകളും സ്ഥാപിക്കുന്നുണ്ട്. പിഡബ്ല്യുഡി റോഡുകൾ വെട്ടിപ്പൊളിച്ചാണു പൈപ്പുകളിടുന്നത്. പൈപ്പിട്ട റോഡുകളെല്ലാം പൂർണമായി തകർന്നു കിടക്കുകയാണ്. കാൽനട, വാഹന യാത്ര ദുഷ്കരമാണ്. ചെറുകോൽ, നാരങ്ങാനം എന്നീ പഞ്ചായത്തുകൾ പൂർണമായും റാന്നി പഞ്ചായത്തിലെ 3 വാർഡുകളുമാണു നിർദിഷ്ട പദ്ധതിയിൽ ഉൾപ്പെടുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ നിന്ന് 89.61 കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർണമായും കരാറായിട്ടുണ്ട്. സ്ഥലമില്ലാത്തതു മാത്രമാണ് ഇപ്പോഴുള്ള തടസ്സം.