ആരും കാണാതെ മാലിന്യം തള്ളാൻ നഗരസഭയും

Mail This Article
പത്തനംതിട്ട ∙ നഗരത്തിലെ മാലിന്യം നീക്കാൻ സമഗ്ര പരിപാടി സംഘടിപ്പിച്ച നഗരസഭ തന്നെ നഗരസഭാ അറവുശാലയ്ക്കു സമീപം പ്ലാസ്റ്റിക് മാലിന്യം തള്ളി. നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വലിയ വാഹനത്തിലെത്തിച്ചാണ് പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക്കും കലർന്ന മിശ്രിതം വാഹനത്തിൽ ചാക്കുകളിലാക്കിയാണ് എത്തിച്ചിരുന്നത്. ശുചീകരണത്തൊഴിലാളികൾ ചേർന്ന് ആരും കാണാതെ മാലിന്യം പ്രദേശത്ത് തള്ളുകയായിരുന്നു. എന്നാൽ നാട്ടുകാരിൽ ചിലർ ഇതിന്റെ വിഡിയോ പകർത്തിയതിനു പിന്നാലെ മാലിന്യത്തിനു മുകളിൽ മണ്ണ് വാരിയിട്ട ശേഷം സംഘം സ്ഥലത്തു നിന്നു കടന്നു. പ്രദേശത്തു മാലിന്യം തള്ളരുതെന്നു ലോറിയിലെത്തിയവരോട് പറഞ്ഞെങ്കിലും കേട്ടില്ലെന്ന് നഗരസഭാ അറവുശാലയുടെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
അറവുശാലയ്ക്ക് സമീപമാണു നഗസരഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം മുൻപു പ്രവർത്തിച്ചിരുന്നത്. ഇവിടെ മാലിന്യം തരംതിരിക്കുന്ന പ്രദേശത്തെ ടാങ്കുകൾ രണ്ടും നിറഞ്ഞുകവിഞ്ഞ നിലയിലായതിനാൽ ഇവിടെ മാലിന്യം തരംതിരിക്കാനും കഴിയില്ല. കഠിനമായ ദുർഗന്ധം മൂലം കല്ലടക്കടവ് – അബാൻ ജംക്‌ഷൻ റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതിനിടയിലാണ് മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നഗരസഭ തന്നെ വാഹനത്തിലെത്തിച്ചു തള്ളുന്നത്. ടാങ്കുകളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് നഗരസഭാധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും പരിഹാരം കണ്ടില്ലെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു.
അറവുശാലയിലെ ഇറച്ചിമാലിന്യം ഉൾപ്പെടെ തെരുവുനായ്ക്കൾ കടിച്ചുകൊണ്ട് റോഡിലൂടെ പോകുന്നത് സ്ഥിരം കാഴ്ചയാണ്. സാമൂഹിക വിരുദ്ധരും നാട്ടുകാരുമാണ് പ്രദേശത്ത് മാലിന്യം തള്ളുന്നതെന്നായിരുന്നു നഗരസഭ ഇതുവരെ ആരോപിച്ചിരുന്നത്. എന്നാൽ അതേ നഗരസഭയല്ലേ ഇപ്പോൾ ഇവിടെ മാലിന്യം തള്ളുന്നതെന്നാണു നാട്ടുകാരുടെ ചോദ്യം. സംഭവം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് സൂപ്പർവൈസർക്കു നിർദേശം നൽകിയെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്. മാലിന്യം തള്ളിയ വാഹനത്തിന്റെ ഡ്രൈവർ അടക്കം 4 ജീവനക്കാരോടു റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അംഗം ജെറി അലക്സ് പറഞ്ഞു.