പത്തനംതിട്ടയിൽ വൻ ലഹരിവേട്ട; 100 കിലോ കഞ്ചാവ് പിടിച്ചു

Mail This Article
പത്തനംതിട്ട ∙ നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട. വീട് വാടകയ്ക്കെടുത്ത് വൻതോതിൽ കഞ്ചാവും എംഡിഎംഎയും സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്തുവന്ന മൂന്നംഗസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. 100 കിലോഗ്രാം കഞ്ചാവും 400 ഗ്രാം എംഡിഎംഎയുമായി പത്തനംതിട്ട തോലിയാനിക്കര ജെ.സലിം (33), മുണ്ടുകോട്ടയ്ക്കൽ ഞണ്ടുകല്ലേൽ ഉബൈദ് അമീർ (35), തിരുവല്ല പെരുന്തുരുത്തി പനച്ചയിൽ ജോയൽ പി.കുര്യൻ (27) എന്നിവരാണ് ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കരിമ്പനാക്കുഴി വഞ്ചിപ്പടി കുളവരയ്ക്കൽപാറ റോഡിൽ മുള്ളൻപാറ ഭാഗത്ത് വാടകയ്ക്കു നൽകിയിരുന്ന വീട്ടിൽനിന്നു പ്രതികളെ മൽപ്പിടത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വെണ്ണിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയ 2 യുവാക്കളിൽനിന്ന് 4.145 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളാണ് ലഹരിമരുന്ന് വേട്ടയിൽ നിർണായകമായതെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. മുള്ളൻപാറയിലെ ആളൊഴിഞ്ഞ വീടും പരിസരവും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവിടെ വൻ തോതിൽ കഞ്ചാവ് എത്തിയതും ഇന്നലെ 3ന് വൻ പൊലീസ് സംഘം എത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തതും. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നിൽ വൻ ലോബി തന്നെ ഉണ്ടാവുമെന്നാണ് നിഗമനം. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രതികൾ ഇവിടെ വൻ തോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് ജില്ലയിലും സമീപ ജില്ലകളിലും വർഷങ്ങളായി മൊത്തക്കച്ചവടം നടത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
നഗരത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലം: ഉറവിടം തേടി പൊലീസ്

പത്തനംതിട്ട ∙ നഗരപരിസരത്തുനിന്ന് 2 കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിൽ വിപുലമായ തോതിലെത്തിയ കഞ്ചാവിന്റെയും എംഡിഎംഎയുടെയും ഉറവിടം തേടി പൊലീസ്. ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ നഗരത്തിലെ കാറുകളിൽ അടക്കം പൊലീസ് പരിശോധന നടത്തി. കരിമ്പനാക്കുഴി വഞ്ചിപ്പടി കുളവരയ്ക്കൽ പാറ റോഡിൽ മുള്ളൻപാറ ഭാഗത്ത് അഴൂർ സ്വദേശി വാടകയ്ക്കു നൽകിയിരുന്ന വീടാണ് അക്ഷരാർഥത്തിൽ ജില്ലയിലെ ലഹരിമരുന്നു ഗോഡൗണായി മാറിയത്. വെട്ടിപ്പുറത്തെ മത്സ്യവ്യാപാരിയാണ് ഇടനിലക്കാരനായിനിന്ന് തന്റെ പക്കൽനിന്ന് വീട് വാടകയ്ക്ക് എടുത്തതെന്നും വീട്ടിൽ അതിഥിത്തൊഴിലാളികളായ ദമ്പതികളാണു കഴിഞ്ഞിരുന്നതെന്നാണ് തന്നോടു പറഞ്ഞിരുന്നതെന്നും വീട്ടുടമ പറഞ്ഞു.
പ്രതിമാസം 14,000 രൂപയാണു വാടകയായി നൽകിയിരുന്നത്. വീട്ടിൽ താമസിച്ചിരുന്ന അതിഥിത്തൊഴിലാളികൾ കഴിഞ്ഞ മാസം ബംഗാളിലേക്കു പോയെന്നും അടുത്ത ആഴ്ച തിരിച്ചുവരുമെന്നും ഇടനിലക്കാരൻ തന്നോടു പറഞ്ഞിരുന്നതെന്നും ഒരു മാസത്തെ വാടകയുടെ പകുതി മുൻകൂറായി നൽകിയിരുന്നെന്നും വീട്ടുടമ പറഞ്ഞു. നഗരപരിസരമാണെങ്കിലും ആളൊഴിഞ്ഞ പ്രദേശത്ത് പെട്ടെന്നു ശ്രദ്ധയിൽപെടാത്ത തരത്തിലാണു വീട്. സമീപപ്രദേശങ്ങളിൽ മറ്റു വീടുകളും കുറവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അടക്കം പതിവായി ഇവിടെ വന്നുപോയിരുന്നതായി സമീപവാസികൾ പറയുന്നു. വിതരണത്തിനായി ജില്ലയുടെ പല ഭാഗത്തുമുള്ള ഇടനിലക്കാരിലേക്ക് എത്തിച്ചു നൽകാനാണ് ഇത്രയധികം കഞ്ചാവ് എത്തിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കേസിലെ ഇടനിലക്കാരന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ എത്തിച്ചത് എവിടെനിന്ന് എന്ന് കണ്ടെത്തുന്നതിനും വിശദമായ അന്വേഷണം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസ് പറഞ്ഞു.