കുടുംബശ്രീയുടെ ഉൽപന്ന വിപണന കേന്ദ്രം പൂട്ടി

Mail This Article
തിരുവല്ല ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലാദ്യമായി തുടങ്ങിയ വില്ലേജ് സൂക്ക് അടച്ചുപൂട്ടി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് എതിർവശത്ത് 2018 ലാണ് സംരഭം തുടങ്ങിയത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് അവരുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ വിപണനത്തിന് അവസരം ഒരുക്കുക, ഉൽപന്നങ്ങൾ നഗരങ്ങളിൽ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. വില്ലേജ് സൂക്ക് തുടങ്ങിയതിന്റെ പിന്നാലെ വന്ന കോവിഡാണ് ആദ്യത്തെ പ്രതിസന്ധി. അതിൽ നിന്നു കരകയറാനുള്ള ഒരു ശ്രമവും വിജയിച്ചില്ല. കഴിഞ്ഞ മാർച്ച് വരെ ഒരു കട മാത്രമായി പ്രവർത്തിച്ചിരുന്നു. അതും അടച്ചതോടെ വില്ലേജ് സൂക്ക് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.
വില്ലേജ് സൂക്ക് പൂട്ടുന്നതോടെ കുടുംബശ്രീ ജില്ലാ മിഷൻ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ചെലവാക്കിയ 50 ലക്ഷം രൂപയും വെള്ളത്തിലായി.10 കടകളും ഒരു ഹോട്ടലുമായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. നല്ല നിലയിൽ നടന്നിരുന്ന സംരംഭങ്ങളിൽ നിന്ന് യൂണിറ്റുകൾ ഓരോന്നായി പിന്മാറിയിരുന്നു. വില്ലേജ് സൂക്ക് അടച്ചതിനു പിന്നാലെ സംരംഭം തുടങ്ങിയതിന്റെ ആരോപണങ്ങളും ഉയർന്നു തുടങ്ങിയ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് അതിൽ കുടുംബശ്രീ ജില്ലാ മിഷൻ കെട്ടിടം പണിയുകയായിരുന്നു. 5 മാസത്തേക്കായിരുന്നു പാട്ടക്കരാർ. പിന്നീട് 55 മാസം കൂടി നീട്ടാമെന്നും കരാറിലുണ്ടായിരുന്നു. മാസം 21000 രൂപയാണ് വാടകയായി നിശ്ചയിച്ചിരുന്നത്. 11 മാസം കൂടുമ്പോൾ കരാർ പുതുക്കണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിനു ശേഷം കരാർ പുതുക്കിയിട്ടില്ല. കരാർ തുടരാതിരുന്നതോടെ ജില്ലാ മിഷൻ വാടക നൽകാതായി. വാടക കിട്ടാതായതോടെ സ്ഥലമുടമ കരാർ പുതുക്കാനും തയാറായില്ല.