കഥകളി ഉഴിച്ചിൽ കളരിയിൽ ചുട്ടികുത്ത് പരിശീലനം

Mail This Article
അയിരൂർ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി ഉഴിച്ചിൽ കളരിയിൽ ചുട്ടികുത്ത് പരിശീലനവും തുടങ്ങി. ചുട്ടി ആർട്ടിസ്റ്റ് കലാമണ്ഡലം അമലിന്റെ നേതൃത്വത്തിലാണ് പരിശീലനം. പച്ച, കത്തി, ചുവന്ന താടി തുടങ്ങിയ വേഷങ്ങളുടെ മുഖത്തെഴുത്തും ചുട്ടിയുമാണ് പരിശീലിപ്പിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന പദാർഥങ്ങൾ മനയോലയും കട്ടനീലവുമാണ്. വെള്ള മനയോലയിൽ കട്ടനീലം വെളിച്ചെണ്ണയിൽ ചേർത്ത് അരയ്ക്കുമ്പോൾ കിട്ടുന്നതാണ് മനയോലക്കുഴമ്പ്. ഇതാണ് കഥകളിപ്പച്ച. മനയോല കൊണ്ട് മുഖത്ത് വളയം വച്ചതിനു ശേഷമാണ് ചുട്ടി കുത്തുന്നത്.
ചുണ്ണാമ്പും ചുട്ടിയരിയും ഒരു നിശ്ചിത അനുപാതത്തിൽ ചേർത്തരച്ച് എടുക്കുന്നതാണ് ചുട്ടിമാവ്. രണ്ടര മണിക്കൂർ കൊണ്ടാണ് മുഖത്തെഴുത്തും ചുട്ടിയും പൂർത്തിയാകുന്നത്. മൺചട്ടിയുടെ പുറത്താണ് ചുട്ടികുത്തി പഠിക്കുന്നത്. പച്ച വേഷത്തിന്റെ ചുട്ടിയാണ് ആദ്യം പഠിക്കുന്നത്. 6 മാസത്തെ പരിശീലത്തിനുശേഷം മുഖത്തു ചുട്ടികുത്തി അരങ്ങേറ്റം നടത്താം. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖത്തെഴുത്തിലും ചുട്ടികുത്തിലും സൗജന്യ പരിശീലനം നൽകുമെന്ന് ക്ലബ് സെക്രട്ടറി വി.ആർ. വിമൽ രാജ് അറിയിച്ചു. 9446377455.
ചൊല്ലിയാട്ടക്കളരി ഇന്നു മുതൽ
കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിലെ നാട്യഭാരതി കഥകളി സെന്ററിൽ ഇന്നു മുതൽ ചൊല്ലിയാട്ടം തുടങ്ങും. 15 കഥകളി കലാകാരന്മാർ പങ്കെടുക്കും. കഥകളി അഭ്യാസത്തിന്റെ ഭാഗമായി വേഷം കെട്ടാതെ വാദ്യമേളങ്ങളുടെ സഹായത്തോടെ നടത്തുന്ന പദാഭിനയമാണ് ചൊല്ലിയാട്ടം. വേഷമില്ലാതെ കളരിയിൽ നടത്തുന്ന കഥകളിയാണ് ചൊല്ലിയാട്ടം. ചൊല്ലിയാട്ടം കഴിയുന്നതോടെ കഥകളിയിലെ പ്രധാന വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കാനുള്ള കഴിവ് നടനു ലഭിക്കും. കോട്ടയത്തു തമ്പുരാന്റെ 4 ആട്ടക്കഥകളിലെ ആദ്യസ്ഥാന വേഷങ്ങളാണ് കളരിയിൽ ചൊല്ലിയാടിക്കുന്നത്.