ADVERTISEMENT

പത്തനംതിട്ട ∙ സപ്ലൈകോ വിപണിയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം. ഓണം അരികിലെത്തി നിൽക്കെ, സബ്സിഡി സാധനങ്ങളായ കുത്തരി, വൻപയർ, കടല, വറ്റൽ മുളക് (പാണ്ടി) എന്നിവ ജില്ലയിൽ പലയിടങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. രണ്ട് ആഴ്ചയായി ഇവ വിപണിയിൽ ലഭിക്കുന്നില്ല. സംഭരണ കേന്ദ്രങ്ങളിൽ നിന്ന് പൂർണമായും വിപണികളിലേക്ക് എത്തിച്ചതിനാൽ വരും നാളുകളിൽ പഞ്ചസാര ക്ഷാമത്തിനും സാധ്യതയേറെ. മിക്ക സംഭരണ കേന്ദ്രങ്ങളിലും കാര്യമായ സ്റ്റോക്കില്ല.

10 ദിവസം കൂടി പുതിയ സ്റ്റോക്ക് എത്താതിരുന്നാൽ വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടും. കുത്തരിക്ക് പൊതുവിപണിയിൽ കിലോഗ്രാമിന് 40 മുതൽ 48 രൂപ വരെ ഉള്ളപ്പോൾ സബ്സിഡി നിരക്കിൽ 24 രൂപ മാത്രമാണ് സപ്ലൈകോ ഈടാക്കിയിരുന്നത്. വൻപയർ 45 രൂപയ്ക്കും (പൊതുവിപണി 94രൂപ) കടല 43 രൂപയ്ക്കും (പൊതുവിപണി 82 രൂപ) വറ്റൽമുളക് (പാണ്ടി) 75 രൂപയ്ക്കും (300 മുതൽ 360 വരെ) 40 മുതൽ 44 വരെ പുറത്ത് നൽകേണ്ടി വരുന്ന പഞ്ചസാര 22 രൂപയ്ക്കുമാണ് സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്നത്. ഇവ ജനങ്ങൾക്ക് കിട്ടാതായതോടെ കുടുംബ ബജറ്റ് താളം തെറ്റിയ അവസ്ഥയിലാണെന്നാണ് ജനം പറയുന്നത്.

റാന്നി മേഖല

മാവേലി സ്റ്റോറിൽ നിന്നു ലഭിക്കുന്ന സബ്സിഡി സാധനങ്ങളായ കുത്തരി, വൻപയർ, പഞ്ചസാര, ചെറുപയർ എന്നിവ ഇട്ടിയപ്പാറ മാവേലി സൂപ്പർ മാർക്കറ്റിൽ സ്റ്റോക്കില്ല. വെളിച്ചെണ്ണ 1,000 പാക്കറ്റോളം സ്റ്റോക്കുണ്ട്. വെള്ളയരി ഇന്നലെ 40 ചാക്ക് ലഭിച്ചിരുന്നു. ഉഴുന്നും പരിപ്പും കുറച്ചുണ്ട്. 2 ദിവസത്തിനുള്ളിൽ അതും തീരും. ഈയാഴ്ച വെള്ളയരി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവ എന്നു വരുമെന്ന് വ്യക്തതയില്ല. മാസം 50 ലക്ഷത്തോളം രൂപ വിൽ‌പനയുള്ള സൂപ്പർ മാർക്കറ്റാണിത്. റാന്നി താലൂക്കിൽ കൂടുതൽ വിൽ‌പന നടക്കുന്നതും ഇവിടെയാണ്. സബ്സിഡി സാധനങ്ങൾ‌ ലഭിച്ചില്ലെങ്കിൽ വിൽപന കുറയും. സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തുന്നവരാണ് നോൺ സബ്സിഡി ഉൽപന്നങ്ങളും വാങ്ങുന്നത്. ഇതാണ് വിൽപന ഉയരാൻ കാരണം.

അടൂർ മേഖല

സപ്ലൈകോ പീപ്പിൾസ് ബസാറിൽ സബ്സിഡി സാധനങ്ങളിലെ 13 ഇനങ്ങളിൽ 5 ഇനങ്ങൾ സ്റ്റോക്കില്ല. കടല, വൻപയർ, പഞ്ചസാര, കുത്തരി, പച്ചരി എന്നിവയാണ് ഇല്ലാത്തത്. കടലയും വൻപയറും തീർന്നിട്ട് ഒരു മാസത്തോളമായി പഞ്ചസാര ഇൗ മാസം പകുതി വരെ ഉണ്ടായിരുന്നു. കുത്തരിയും പച്ചരിയും ഇൗ മാസം ആദ്യ ആഴ്ചയിലേ തീർന്നു. സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങളിലേക്ക് സപ്ലൈകോയുടെ പറക്കോട്ടെ ഡിപ്പോയിൽ നിന്നാണ് സാധനങ്ങൾ എത്തിച്ചു നൽകുന്നത്. ഡിപ്പോയിലാണെങ്കിൽ പഞ്ചസാര, മാവേലി മട്ട അരി, കടല, ഉഴുന്ന്, മുളക്, പച്ചരി, വൻപയർ, മല്ലി എന്നിവയും സ്റ്റോക്കില്ല.

പന്തളം മേഖല

പഞ്ചസാര, പാണ്ടിമുളക്, കടല, വൻപയർ എന്നിവയൊഴികെ എല്ലാ സാധനങ്ങളും ഇപ്പോൾ ലഭ്യമാണെന്നാണ് അധികൃതർ പറയുന്നത്. ജയ അരിയും സ്റ്റോക്കുണ്ട്. അതെ സമയം, വെളിച്ചെണ്ണ, മുളക്, ചെറുപയർ, ഉൾപ്പെടെ പലപ്പോഴും ലഭിക്കുന്നില്ലെന്നാണ് പരാതി. സാധനങ്ങളുടെ ക്ഷാമം പല ദിവസങ്ങളിലും ഇവിടെ തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്. ലാഭം മാർക്കറ്റുകളിലും എല്ലാ ഉൽപന്നങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ നിലവിലെ ക്ഷാമത്തിനു പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു.

"നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാർക്ക് ആശ്വാസമായിരുന്നു സപ്ലൈകോ വിപണന കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾ. സബ്സിഡിയിൽ മിച്ചം ലഭിക്കുന്ന തുക ചെലവഴിച്ച് നോൺ സബ്സിഡി സാധനങ്ങളും വാങ്ങാനാകുമായിരുന്നു. എന്നാൽ‌ ഇപ്പോൾ സബ്സിഡി സാധനങ്ങളധികവും സ്റ്റോക്കില്ല. പൊതു വിപണിയിൽ‌ നിന്ന് അമിത വില നൽകി വാങ്ങേണ്ട സ്ഥിതിയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് മാവേലി സ്റ്റോറുകളെ ബാധിച്ചതെന്നു പറയുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ നയം പോലെ സബ്സിഡി നിർത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു." - ഷാൻ പി.ദാസ്, ഇട്ടിയപ്പാറ

"ഇന്ധന വില ഉൾപ്പെടെ വർധിച്ചതോടെ ജീവിതച്ചെലവുകളും ക്രമാതീതമായി കൂടി. അവശ്യസാധനങ്ങളെങ്കിലും ആശ്വാസവിലയ്ക്ക് ലഭിച്ചു വന്നത് സപ്ലൈക്കോയിൽ നിന്നാണ്. എന്നാൽ, പലപ്പോഴും ഇവിടെ നിന്ന് മിക്ക സാധനങ്ങളും കിട്ടാറില്ല. സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാകുന്നു. ഓണത്തിന് ഒരു മാസം കൂടി മാത്രം അവശേഷിക്കെ, അവശ്യസാധനങ്ങളെല്ലാം ലഭ്യമാക്കാൻ നടപടി വേണം." - വി.അജീഷ് കുമാർ (വ്യാപാരി), വിനോദ് ഭവനം, കുരമ്പാല)

"സാധനങ്ങൾ വിലകുറച്ച് കിട്ടുന്ന സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങളിൽ ഒട്ടുമിക്കവയും കിട്ടാത്ത സ്ഥിതിയാണ്. ഓണമെത്താറായതോടെ മുളകും മല്ലിയും അരിയും ഉൾപ്പെടെയുള്ള സാധനങ്ങൾ കിട്ടാത്ത സ്ഥിതി സാധാരണക്കാരെ ബുദ്ധിമുട്ടിലാഴ്ത്തും. അടൂരിലെ മിക്ക മാവേലി സ്റ്റോറുകളിലെയും സ്ഥിതിയിതായിട്ടും സബ്സിഡി സാധനങ്ങൾ എത്തിക്കാൻ നടപടി അധികൃതർ ഉടൻ സ്വീകരിക്കണം." - ശശിധരൻ നായർ, മണക്കാല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com