ADVERTISEMENT

നെടുമൺകാവ് ∙ കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൂടൽ - ആനയടി റോഡ് വികസനത്തിന്റെ ഭാഗമായി കല്ലേലിപ്പാലം പണി തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പണികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ പാലത്തിന്റെ ഇരു വശങ്ങളിലുമായി ഒരു കിലോമീറ്റർ ഭാഗമാണ് തകർന്ന് യാത്ര ദുഷ്കരമായിട്ടുള്ളത്. ഇപ്പോൾ പാലത്തിന്റെ രണ്ടു ഭാഗത്തായുള്ള വാർപ്പ് പൂർത്തിയായിട്ട് 6 മാസം കഴിഞ്ഞു. നിലവിൽ പാലത്തിന്റെ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇവിടം ചെളികെട്ടിക്കിടന്ന് നടന്നുപോകാൻ പോലും പ്രയാസമായ അവസ്ഥയിലാണ്. ഇരുചക്രവാഹന യാത്രക്കാർ ഇവിടെ വീഴുന്നത് പതിവായി.

ടിപ്പർലോറികൾ നിരന്തരം സഞ്ചരിക്കുന്ന പാതയായതിനാൽ അപകട സാധ്യതയും ഏറെയാണ്. എന്നാൽ, അപ്രോച്ച് റോഡ് ബലപ്പെടുത്തുന്നതിനുള്ള പണികളാണ് നടക്കുന്നതെന്നും മണ്ണെടുത്ത് മാറ്റിയും ഉറപ്പിച്ചും ചെയ്യുന്നത് പിന്നീട് തകർച്ചയുണ്ടാകാതിരിക്കാനാണെന്ന് നടത്തിപ്പുകാർ പറയുന്നു. അശാസ്ത്രീയമായ നിർമാണമാണ് കല്ലേലിപ്പാലത്തിൽ നടന്നിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. നെടുമൺകാവ് ഭാഗത്തു നിന്ന് എത്തുന്നത് വളവും ഇറക്കവുമുള്ള പാലത്തിലേക്കാണ്. ഇതിന്റെ ഇടതുവശം ഒതുക്കി നിർമിച്ചിട്ടുള്ളതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് വൻ താഴ്ചയുള്ള തോട്ടിലേക്ക് മറിയാനുള്ള സാധ്യത ഏറെയാണ്. പാലം പുതുക്കി നിർമിക്കുന്നതിനു മുൻപ് ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്.

കൂടൽ - ആനയടി റോഡിലെ നെടുമൺകാവ് കല്ലേലിപ്പാലം ഭാഗത്തെ വെള്ളക്കെട്ട്.

"രണ്ട് വർഷമായി നടക്കുന്ന പാലത്തിന്റെ പണികൾ ഇനിയും പൂർത്തിയാക്കാത്തത് പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ഇവിടെ അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി." - രാജേന്ദ്ര പ്രസാദ് (കല്ലേലിപ്പാലം സ്വദേശി)

"പാലത്തിന്റെ പണികളിലെ അപാകത തുടക്കം മുതൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പലതവണ പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. എന്നാൽ, റോഡ് വികസനം ആവശ്യമായതിനാൽ പണികൾ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ടില്ല."- തുളസീധരൻ (നെടുമൺകാവ് കല്ലേലിപ്പാലം )

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com