ചരക്കു ട്രെയിൻ കടന്നുപോകാൻ ചെന്നൈ എക്സ്പ്രസ് നിർത്തിയിട്ടു; ഊട്ടറ ലവൽ ക്രോസിൽ യാത്രക്കാർ കുടുങ്ങി

Mail This Article
കൊല്ലങ്കോട് ∙ ചരക്കു ട്രെയിൻ അടുത്ത സ്റ്റേഷൻ കടക്കുന്നതു വരെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കൊല്ലങ്കോട്ടു നിർത്തിയിടാനായി ലവൽ ക്രോസ് അടച്ചിട്ടതോടെ റോഡ് യാത്രക്കാർ ദുരിതത്തിലായി. പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിൽ കൊല്ലങ്കോട്–പാലക്കാട് റോഡിനു കുറുകെയുള്ള ഊട്ടറ ലവൽ ക്രോസാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ അര മണിക്കൂറോളം അടച്ചിട്ടത്. പൊള്ളാച്ചി ഭാഗത്തു നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന ചരക്കു ട്രെയിൻ കൊല്ലങ്കോട് സ്റ്റേഷൻ കടന്നു പോയതിനു ശേഷമാണു പാലക്കാട്ടേക്കുള്ള ചെന്നൈ എക്സ്പ്രസ് ട്രെയിൻ കൊല്ലങ്കോട് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ കൊല്ലങ്കോട് സ്റ്റേഷൻ വിട്ട ചരക്കു ട്രെയിൻ വടകന്നികാപുരം, പുതുനഗരം എന്നീ സ്റ്റേഷനുകൾ പിന്നിട്ട ശേഷം മാത്രമേ ചെന്നൈ എക്സ്പ്രസിന്റെ തുടർ യാത്രയ്ക്കുള്ള സിഗ്നൽ അനുവദിക്കാൻ കഴിയുമായിരുന്നുള്ളൂ. ചരക്കു ട്രെയിൻ കടന്നു പോകുന്നതു വരെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഊട്ടറ ലവൽ ക്രോസിനു സമീപത്തായി നിർത്തിയിടുകയായിരുന്നു.
കൊല്ലങ്കോട് സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ള യാർഡിലാണു ലവൽ ക്രോസ് സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ ട്രെയിൻ മുന്നോട്ടു നീങ്ങി സിഗ്നലിന്റെ അടുത്തായിട്ടാണു നിർത്തിയിട്ടത്. ഇതു കാരണം ലവൽ ക്രോസ് തുറക്കാൻ കഴിയാത്ത സ്ഥിതിയായി. ഒട്ടേറെ യാത്രക്കാരാണു ഇവിടെ കുടുങ്ങിയത്.