പാത്തിക്കകാവ് – എരുമേലി റോഡിൽ പൈപ്പ് ഉണ്ടാക്കുന്ന വിനകൾ!

Mail This Article
എരുമേലി ∙ പാത്തിക്കകാവ് – എരുമേലി റോഡിൽ പൈപ്പ് തെളിഞ്ഞു നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പൊര്യൻമല ജലഅതോറിറ്റി ടാങ്കിൽ നിന്ന് പഴയിടം വരെ ശുദ്ധജലം എത്തിക്കുന്ന വലിയ കാസ്റ്റ് അയൺ പൈപ്പ് ആണ് ഓമണ്ണിൽപടി ഭാഗത്ത് പഞ്ചായത്ത് റോഡിൽ അപകടകരമാം വിധം തെളിഞ്ഞുനിൽക്കുന്നത്. ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ പൈപ്പിൽ കയറി തെന്നി മാറുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
2020ൽ ആണ് പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് കടന്നു പോയ പൊതുമരാമത്ത് വകുപ്പ് റോഡിൽ ജലഅതോറിറ്റി കോൺക്രീറ്റ് ചെയ്ത് പഴയപടി ആക്കിയിരുന്നു. എന്നാൽ പാത്തിക്കക്കാവ് – എരുമേലി റോഡ് പഞ്ചായത്ത് റോഡ് ആണ് എന്ന കാരണം പറഞ്ഞ് ഈ പൈപ്പ് സ്ഥാപിച്ച സ്ഥലം കോൺക്രീറ്റ് ചെയ്തു മൂടാതെ ജലഅതോറിറ്റി പോയെന്നാണു പരിസരവാസികൾ പറയുന്നത്.
ഓമണ്ണിൽപടിയിൽ പൈപ്പ് ഇടാനായി റോഡ് കുഴിച്ചപ്പോൾ കല്ല് കണ്ടതു മൂലം പൈപ്പ് ഉയർത്തിയാണ് സ്ഥാപിച്ചത്. ഇതോടെ പൈപ്പ് റോഡിൽ തെളിഞ്ഞു നിൽക്കുന്ന നിലയിലായി. റോഡ് പൊട്ടിപ്പൊളിയുന്നതിനു കാരണവും ഈ പൈപ്പ് സ്ഥാപിച്ചതാണ് എന്നാണു നാട്ടുകാരുടെ പരാതി.