വെള്ളക്കെട്ടിന് ശാശ്വത പരിഹാരം: ജനപ്രതിനിധികളുമായി ചർച്ച നടത്തി

Mail This Article
ഓച്ചിറ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എംഎൽഎമാരായ സി.ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവരുടെ നിർദേശ പ്രകാരം പ്രത്യേക സംഘം ഓച്ചിറയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. ദേശീയപാത വികസന അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത വികസന പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘവുമായി ചർച്ച നടത്തിയത്.
വലിയകുളങ്ങര ഗവ.എൽപി സ്കൂളിലേക്കുള്ള വഴിയിലെ നിർമാണ പ്രവർത്തനം നിർത്തിവച്ച ശേഷം ബാക്കിയുള്ള ഭാഗത്ത് നിർമാണം ആരംഭിച്ചു. സ്കൂളിലെ ഗേറ്റിനു മുന്നിൽ നിർമാണം സ്കൂളിലേക്ക് ആർക്കും പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പ്രത്യേക സംഘത്തെ വവ്വാക്കാവിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യപ്പെട്ട് യൗവന ഭാരവാഹികൾ നിവേദനം നൽകി. പുതിയ അടിപ്പാത നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉൾപ്പെടെയും അടിപ്പാതയുടെ പ്രധാന്യത്തെക്കുറിച്ചു വ്യക്തമായി വിവരിച്ചിട്ടുണ്ട്. വവ്വാക്കാവ് യൗവന ഭാരവാഹികളായ സതീഷ് കുമാർ, ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പുതിയ അടിപ്പാത നിർമിക്കുന്നതിന് 8.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.