കടയ്ക്കാമൺ പാലത്തിനു സമീപം വീണ്ടും ബസ് അപകടത്തിൽപെട്ടു; അധികൃതരേ, ഇതിന് ഒരറുതിവേണ്ടേ...!

Mail This Article
പത്തനാപുരം∙ കെഎസ്ആർടിസി ബസ് കടയ്ക്കാമൺ പാലത്തിനു സമീപം വീണ്ടും അപകടത്തിൽപെട്ടു. ഒരേ സ്ഥലത്ത് ഇതോടെ ഒരു മാസത്തിനുള്ളിൽ 5 കെഎസ്ആർടിസി ബസുകളടക്കം 10 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പുനലൂർ-മുവാറ്റുപുഴ പാതയിൽ കടയ്ക്കാമൺ പാലത്തിനു സമീപമാണ് നാട്ടുകാരെയും യാത്രക്കാരെയും വട്ടം കറക്കുന്ന അപകട സ്ഥലം. പാത നവീകരണത്തിന്റെ ഭാഗമായി അലൈൻമെന്റ് കൃത്യമാക്കാതെ ടാറിങ് പൂർത്തിയാക്കിയതാണ് അപകടകാരണമെന്നാണ് നിഗമനം.
അതേ സമയം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ചിലയിടങ്ങളിൽ അലൈൻമെന്റിൽ വരുത്തിയ മാറ്റമാണ് അപകട കാരണമെന്ന് കെഎസ്ടിപിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.ഒരേ ദിശയിൽ അകലെ നിന്നു കാണാവുന്ന പാതയിൽ അടുത്തെത്തുമ്പോൾ വളവുള്ളത് മൂലം ടാറിങ്ങിനു മുകളിൽ തെന്നി മാറിയാണ് അപകടം ഉണ്ടാകുന്നത്.റോഡിന്റെ ഇരു വശത്തും ഭൂമി വേണ്ട വിധം ഏറ്റെടുത്ത് അലൈൻമെന്റ് കൃത്യമാക്കിയില്ലെങ്കിൽ അപകടം തുടരും. ഇന്നലെ രാവിലെ 7നാണ് ഒടുവിലത്തെ അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് രണ്ടു ദിവസം മുൻപ് മറ്റൊരു ബസ് മറിഞ്ഞ ഭാഗത്ത് തന്നെ മറിയുകയായിരുന്നു.
20 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ചിലർക്ക് നിസാര പരുക്കേറ്റു.പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ അവസാന റീച്ചാണ് ഈ ഭാഗം. ഇതിൽ അലൈന്റെമെന്റ് ഇത്രയധികം വ്യത്യാസപ്പെടുത്തി നിർമിച്ച സ്ഥലം വേറെയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജനപ്രതിനിധികളുടെയും വ്യക്തികളുടെയും ഇടപെടലാണ് ഈ മാറ്റങ്ങൾ വരുത്തിയത്. ഇത് മൂലം ഇത്തരം അപകടങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിച്ചുള്ളതാണെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.