ഡ്രൈവിങ് ലൈസൻസ്: വിജിലൻസ് മിന്നൽ പരിശോധനയിൽ ജില്ലയിലും ക്രമക്കേട് കണ്ടെത്തി

Mail This Article
കൊല്ലം ∙ മോട്ടർ വാഹന, ഡ്രൈവിങ് പരിശീലന രംഗത്തെ ക്രമക്കേടുകൾ കണ്ടുപിടിക്കാനായി വിജിലൻസ് നടത്തിയ പരിശോധനയിൽ ജില്ലയിലും ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണം ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മയുടെ കുറവാണെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും സ്വാധീനം ചെലുത്തിയും ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്.
ജില്ലയിലെ കരുനാഗപ്പള്ളി ജോയിന്റ് ആർടിഒയുടെ കീഴിൽ ചുറ്റുമൂലയിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഒരേ സമയം നടക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റും നാല് ചക്രവാഹനങ്ങളുടെ ടെസ്റ്റും നടത്തുന്നത് ഒരേ ഉദ്യോഗസ്ഥനാണെന്നും ഇവിടെയുള്ള ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം ജോയിന്റ് ആർടിഒ ഓഫിസിന്റെ കീഴിൽ മാമൂട്ടിൽ ടെസ്റ്റ് ഗ്രൗണ്ടായി ഉപയോഗിച്ചു വരുന്ന സ്വകാര്യ ഭൂമിക്ക് 10 ഡ്രൈവിങ് സ്കൂളുകാർ ചേർന്ന് പ്രതിമാസം 12,000 രൂപ വാടക നൽകുന്നതായും വിജിലൻസ് കണ്ടെത്തി. നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.