അഴീക്കലിന് ഐഎസ്പിഎസ് കോഡ്: പരിശോധന പൂർത്തിയായി

Mail This Article
കണ്ണൂർ ∙ അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള അവസാന ഓഡിറ്റ് പൂർത്തിയായി. മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിൽ (എംഎംഡി) നിന്ന് ക്യാപ്റ്റൻ ജി.പി.ഷേണായിയോടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ പറഞ്ഞു. 6 മാസമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ കാലാവധി. മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പായാൽ തുടർന്ന് 5 വർഷത്തേക്ക് സർട്ടിഫിക്കറ്റ് പുതുക്കി നൽകും.
ഐഎസ്പിഎസ് കോഡ് ലഭിക്കുന്നതോടെ വിദേശ കാർഗോ-പാസഞ്ചർ കപ്പലുകൾക്ക് അഴീക്കലിലേക്കു വരാൻ വഴിയൊരുങ്ങും. രാജ്യാന്തര യുണീക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന മലബാറിലെ ആദ്യ തുറമുഖമായി അഴീക്കൽ മാറുന്നത് അഭിമാനകരമായ നേട്ടമാണെന്ന് കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു. കേരളത്തിൽ കൊച്ചി, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങൾക്കു മാത്രമാണു നിലവിൽ ഐസ്പിഎസ് പദവിയുള്ളത്.