പട്ടാപ്പകൽ നഗരമധ്യത്തിൽ യുവാവിന്റെ കാൽ ചവിട്ടിയൊടിച്ചു, പ്രതി പിടിയിൽ

Mail This Article
കളമശേരി ∙ സൗത്ത്കളമശേരിയിൽ നടുറോഡിൽ ഉച്ചയ്ക്ക് 1.30ന് യുവാവിനെ ചവിട്ടി വീഴ്ത്തി മൊബൈലും പഴ്സും പിടിച്ചുപറിക്കാൻ ശ്രമം. ചവിട്ടേറ്റു ചക്യാടം പള്ളിപ്പറമ്പിൽ ഷിബുവിന്റെ (49) ഇടതുകാൽ ഒടിഞ്ഞു. ഷിബുവിനെ ആക്രമിച്ച ഗ്ലാസ്കോളനി സ്വദേശി അഖിൽ (22) സ്വയം കൈ മുറിച്ചു. പൊലീസെത്തി ഇരുവരെയും എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ വഴിയരികിൽ കിടന്നിരുന്നയാളുടെ പഴ്സും മൊബൈൽ ഫോണും പരിചയക്കാരനായ ഷിബു എടുത്തിരുന്നു. തുടർന്നു മറ്റുള്ളവരുമായി മാറിനിന്നു സംസാരിക്കുന്നതിനിടയിൽ അഖിൽ എത്തുകയും വഴിയരികിൽ കിടന്ന ആളുടെ കയ്യിലെ വാച്ച് അഴിച്ചെടുക്കുകയും ചെയ്തു. പിന്നീട് തന്റെ അരികിലെത്തി പഴ്സും ഫോണും ആവശ്യപ്പെടുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നുവെന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബു പറഞ്ഞു.